പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഛത്തീസ് ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ റോഡിൽ കിടന്നു.
അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാളെ ആളുകൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രാം നാരായൺ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. പ്രാഥമിക പരിശോധനയിൽ രാംനാരായണിന്റെ ശരീരമാസകലം മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും സാരമായ പരിക്കുണ്ട്. ജില്ലാ ആശുപത്രിയിൽ പോലീസ് സർജനില്ലാത്തതിനാൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്നും കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വാളയാർ പോലീസ് പറഞ്ഞു.
അതേസമയം രാംനാരായൺ വയ്യാർ മോഷ്ടാവാണെന്ന ആരോപണം തള്ളി കുടുബം. കെട്ടിട നിർണാണ മേഖലയിൽ തൊഴിലെടുക്കുന്നതിനാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായൺ പാലക്കാട്ടെത്തിയത്. എന്നാൽ, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാൽ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാൽ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനൽ റെക്കോഡുമില്ലാത്ത ആളാണ്. നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളുടെ നാട്ടിൽവന്ന് അന്വേഷിച്ചാൽ അത് മനസിലാകും. മദ്യപിക്കാറുണ്ട്. എന്നാൽ, ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്’, ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.







