കൽക്കരി വണ്ടികള്‍ കൂകിപ്പാഞ്ഞുപോയ കാലത്ത് പാളങ്ങള്‍ ഉറപ്പിച്ച നിര്‍ത്തിയ കാസ്റ്റ് അയേണ്‍ സ്ലീപ്പര്‍ (സിഐ പോട്ട് സ്ലീപ്പര്‍) മുതല്‍ ഇപ്പോള്‍ വന്ദേഭാരത് എക്‌സ്പ്രസ് ചീറിപ്പായുന്ന പാളങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കോണ്‍ക്രീറ്റ് വൈഡര്‍ സ്ലീപ്പര്‍ വരെ പ്രദര്‍ശിപ്പിച്ച കൊയിലാണ്ടിയിലെ റെയില്‍വേ മ്യൂസിയം വിജ്ഞാനവും കൗതുകവും പകരുന്നു. സംസ്ഥാനത്തെ ആദ്യത്തേതെന്ന് കരുതുന്ന ഇത്തരമൊരു മ്യൂസിയം സജ്ജമാക്കിയത് സിനീയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ സി.സന്ദീപും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുളള സ്ഥലത്താണ് പഴയകാലത്തെ റെയില്‍വേ ഉപകരണങ്ങളും പാളം ഉറപ്പിച്ചു നിര്‍ത്തുന്ന സാമഗ്രികളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

റെയില്‍വേയില്‍ കാലഘട്ടത്തിനനുസരിച്ച് നൂതന നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പഴയ ഉപകരണങ്ങളും യാത്ര സാമഗ്രികളും ലേലം ചെയ്തു ആക്രികച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ് രീതി. അതുകൊണ്ടു തന്നെ പഴയ ഉപകരണങ്ങള്‍ കണ്ടെത്തുക അതികഠിനമായ ഒരു ഉദ്യമമായിരുന്നു. സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ സന്ദീപിന് തോന്നിയ ജിജ്ഞാസയില്‍ നിന്നാണ് പഴയകാല റെയില്‍വേ സാമഗ്രികള്‍ തേടി അലയാന്‍ പ്രേരണയായത്. ഇതിനായി റെയില്‍വേ പാതയോരത്തെ കാട് പിടിച്ചു കിടക്കുന്ന പൊന്തക്കാടുകള്‍, കടന്നു ചെല്ലാന്‍ മടിക്കുന്ന ഷെഡുകള്‍, പഴയ സാധനങ്ങളുടെ കൂമ്പാരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ പരതി നടന്ന് ശേഖരിച്ച നൂറിലധികം സാമഗ്രികൾ ഇവര്‍ ശേഖരിച്ചു. തുരുമ്പെടുത്ത ഇത്തരം ഉപകരണങ്ങളും സാമഗ്രികളും തുരുമ്പ് പോക്കി പെയിന്റടിച്ചു നന്നാക്കിയെടുത്തു. റെയില്‍വേ പാളങ്ങള്‍ മുറിച്ചു മാറ്റുന്ന ഉപകരണങ്ങള്‍, പാളം യോജിപ്പിക്കുന്ന ബെല്‍ഡിംങ്ങ് ഉപകരണങ്ങള്‍, പലതരം ക്ലിപ്പുകള്‍, തേക്കിന്റെ സ്ലീപ്പറുകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.

റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും ഈ ഉദ്യമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇവരോടൊപ്പം നിന്നു. എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കൊയിലാണ്ടിയിലെ ഈ റെയില്‍വേ മ്യൂസിയം കാണാനെത്തുന്നുണ്ട്. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റോട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്‍, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ അഭിഷേക് വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്ലാറ്റ് ഫോംമിന് സമീപം ഉദ്യാനം, ശില്‍പ്പങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.







