കട്ടിപ്പാറ പഞ്ചായത്തിൽ മുളകുപൊടിയുമായി എത്തി വീട്ടമ്മയുടെ സ്വർണ മാല മോഷിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പവല്ലി എന്ന സ്ത്രീയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആതിരയെന്ന ചിന്നുവിനെയാണ് രണ്ടുപവന്‍ സ്വര്‍ണ മാല പൊട്ടിച്ചെന്ന പരാതിയിൽ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയിലിരുന്ന് രാവിലെ ഭക്ഷണം കഴിക്കുകയായിരുന്ന പുഷ്പവല്ലിയെ പുറകിലൂടെയെത്തിയ പ്രതി സിറ്റൗട്ടില്‍ മുളകുപൊടി വിതറി ശേഷം കണ്ണും മുഖവും പൊത്തിപ്പിടിച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോയി.
തുടർന്ന് കഴുത്തിലെ സ്വർണ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പുഷ്പവല്ലി ബഹളം വെച്ചതുകേട്ട് അയൽവാസിയായ മറ്റൊരു യുവതി ഓടിയെത്തുകയുമായിരുന്നു. അപ്പോഴേക്കും പ്രതി മാല പൊട്ടിച്ച് പകുതി കഷ്ണവുമായി അവിടുന്ന് കടന്നുകളഞ്ഞു. കഴുത്തിന് പരിക്കേറ്റ പുഷ്പവല്ലി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തുടർന്ന് നൽകിയ പരാതിയെ തുടർന്ന് കേസ് എടുത്ത പോലീസ് ആതിരയെ അറസ്റ്റ് ചെയ്യുകയായിരുന്നു.







