ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 11 വരെ വടകര ഇരിങ്ങല്‍ ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന പതിമൂന്നാമത് സര്‍ഗാലയ അന്താരാഷ്ട്ര ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 25ന് വൈകിട്ട് ആറിന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള 300ലധികം കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കാളികളാകും. ഗ്രാമീണ സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ഗ്രാമീണ കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മേള നടക്കുന്ന ദിവസങ്ങളില്‍ ദേശീയപാതയില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, നഗരസഭ അധികൃതര്‍ തുടങ്ങിയവരോട് സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. വൈദ്യുതി, അഗ്‌നിരക്ഷാ സേന, മെഡിക്കല്‍ ടീം തുടങ്ങിയവരോട് സജ്ജീകരണങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കി. എ.ഡി.എം സി മുഹമ്മദ് റഫീഖ്, സര്‍ഗാലയ സീനിയര്‍ ജനറല്‍ മാനേജര്‍ ടി കെ രാജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.







