കേരളത്തില്‍ കാൻസർ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍. ജനസംഖ്യാ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാന്‍സര്‍ രോഗബാധ കൂടുതല്‍ കേരളത്തിലാണെന്നാണ് വിലയിരുത്തൽ

2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2024-ല്‍ ഇത് 61,175 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രതിശീര്‍ഷ കാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷം പേരില്‍ 173 പേര്‍ രോഗ ബാധിതരാണ് എന്ന് വിലയിരുത്തേണ്ടിവരും. ഒരു വര്‍ഷം മുമ്പ് ഇത് 114 ആയിരുന്നു. ഐസിഎംആര്‍-നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2018 ന് ശേഷം കേരളത്തിലെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 2019-ല്‍ ആണ് വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 1,000 കേസുകളുടെ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കേസുകളില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ കണക്കുകളില്‍ കേരളത്തിന് പിന്നിലാണ്. ഏകദേശം 3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍, 2024-ല്‍ ഒരു ലക്ഷം പേരില്‍ 173 കേസുകള്‍ എന്ന നിലയില്‍ രേഖപ്പെടുത്തിയപ്പോൾ, തമിഴ്നാട് (137), കര്‍ണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

Leave a Reply

Your email address will not be published.