മണ്ഡലകാലം 32 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഭക്തജനത്തിരക്കിലും വരുമാനത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 28 ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിക്കഴിഞ്ഞു. കാനനപാതകളായ കരിമല വഴി 46,690 പേരും പുല്ലുമേട് വഴി 74,473 പേരും എത്തിയതായാണ് കണക്കുകൾ. ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെടുന്ന കനത്ത തിരക്കിനിടയിലും, മണിക്കൂറിൽ ശരാശരി 4010 പേർ എന്ന കണക്കിൽ പതിനെട്ടാംപടി വഴി ഭക്തരെ കയറ്റിവിടുന്നുണ്ട്.
തീർത്ഥാടനകാലത്തെ വരുമാനം ഇതിനോടകം തന്നെ 210 കോടി രൂപ പിന്നിട്ടു. ഇതിൽ പകുതിയോളം തുക (106 കോടി) അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ മികച്ച വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന മണ്ഡലപൂജയ്ക്കായി തങ്ക അങ്കി 26-ാം തീയതി സന്നിധാനത്ത് എത്തിക്കും. അന്നേ ദിവസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തും.







