കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പയ്യോളി ഐ.പി.സി റോഡിലെ ഷെറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബണ്ണ്, റസ്‌ക് തുടങ്ങിയവ പൊടിച്ച് സൂക്ഷിച്ച് കട്‌ലറ്റ്, എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ നിര്‍മാണത്തിന് വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
കാലിത്തീറ്റ നിര്‍മിക്കുന്നതിനെന്ന പേരിലാണ് കടക്കാരില്‍നിന്നും മറ്റും ഉടമ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചിരുന്നത്. സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ ആരംഭിക്കും. സംശയാസ്പദ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.







