കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഐ എഫ് എഫ് കെയിൽ ഇന്ന് ഒമ്പത് ചിത്രങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കി. ഇസ്രായേലിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പറയുന്ന ചിത്രം യെസ്, ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ടിംബുക്തു (TIMBUKTU)എന്നീ ചിത്രങ്ങൾ അടക്കമുള്ളവയുടെ പ്രദർശനമാണ് ഇന്ന് ഒഴിവാക്കിയത്.
പ്രദർശനാനുമതി നിഷേധിച്ച് മേളയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിലയിരുത്തൽ. സിനിമകൾ പ്രദർശിപ്പിക്കാനുള്ള അനുമതി തേടിയുള്ള മെയിൽ കൃത്യസമയത്ത് നൽകിയതായും, യാതൊരു വിശദീകരണവും കൂടാതെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും ചലച്ചിത്ര അക്കാദമി വ്യക്തമാക്കി. കേന്ദ്രസർക്കാർ നടപടിക്കെതിരെ വിദ്യാർഥി യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തി.
ഇന്ന് ഒഴിവാക്കിയ സിനിമകൾ: പൊയറ്റ്, ബമാക്കോ, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, ഈഗിൾസ് റിപബ്ലിക്, യെസ്, ടണൽസ്, ബീഫ്, ക്ലാഷ്, പലസ്തീൻ 36







