വടകര അഴിയൂർ പഞ്ചായത്തിൽ, സി.പി.എമ്മും എസ്.ഡി. പി. ഐയും തമ്മിലുണ്ടാക്കിയ പരസ്യ ധാരണ, സി.പി.എം എത്രമാത്രം ജീർണ്ണിച്ചു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷികളിൽ ഒന്നായ സി.പി.എമ്മിന് എല്ലാ വാർഡുകളിലും സ്വാധീനമുണ്ടായിട്ടും അഴിയൂർ ഒന്നാം വാർഡിൽ പത്തു വോട്ടും 20-ാം വാർഡിൽ കേവലം എഴു വോട്ടുകളുമാണ് കിട്ടിയത്. തീവ്രവർഗ്ഗീയ സംഘടനയായ എസ്. ഡി. പി ഐയും കോഴിക്കോട് ജില്ലയിലെ സി.പി.എം. നേതൃത്വവുമായി നടത്തിയ രഹസ്യ ചർച്ചകളിലാണ് ഈ ധാരണ രൂപപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഏറെ വിശ്വസ്തനായ ഒരു നേതാവാണ് ഈ ചർച്ചകളുടെ മുഖ്യ കാർമ്മികൻ. ഭൂരിപക്ഷ ന്യൂന പക്ഷ വർഗ്ഗീയതയുമായി തരാതരം സന്ധി ചെയ്യുകയും വേദികളിൽ വിപ്ലവ വായാടിത്തം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ എന്ത് താത്വിക വിശദീകരണമാണ് ഇനി നൽകാനുള്ളത്.
10 വർഷം കേരളം ഭരിച്ച് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സി.പി.എം ബംഗാൾ മാതൃകയിലാണ് മുന്നോട്ടു പോകുന്നത്. 34 വർഷം തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച സി.പി.എമ്മിനെ ജനം പടിയടച്ച് പിണ്ഡം വെച്ചത് ഓർക്കണം. അക്രമം, അഴിമതി, അഹങ്കാരം. ഇതായിരുന്നു പശ്ചിമ ബംഗാളിലെ സി.പി.എമ്മിൻ്റെ മുഖ മുദ്ര. അതിൻ്റെ നേർചിത്രമാണ് പത്തു കൊല്ലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സി.പി.എം തയ്യാറായിട്ടില്ല. ഇന്ത്യയിലെ അവസാനത്തെ മുഖ്യമന്ത്രി എന്ന ബഹുമതി നേടാൻ പിണറായി ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.







