കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ 22 സീറ്റുകളിലാണ് എൽ ഡി എഫിന് നേടാനായത്. 20 സീറ്റിൽ യു ഡി എഫും നാല് സീറ്റിൽ ബി ജെ പിയും നേടി.
ഇത്തവണ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൗൺസിലറാണ് ചെയർമാൻ ആവുക. സി പി എം കൗൺസിലർമാരായ യു.കെ ചന്ദ്രൻ, എം .കെ. മഹേഷ്, വി.കെ. രേഖ, കെ.ബിനില എന്നിവരിൽ ആർക്കെങ്കിലും ചെയർമാൻ സ്ഥാനത്തേക്ക് എത്താവുന്നതാണ്.
സി പി എം ജില്ലാ കമ്മിറ്റി യോഗം രണ്ടുദിവസത്തിനകം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പുരുഷനോ സ്ത്രീക്കോ (ജനറൽ) ചെയർമാൻ സ്ഥാനം അലങ്കരിക്കാം. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം വനിതകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. വാർഡ് 14 പന്തലായനി സെൻട്രലിൽ നിന്ന് 524 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട യു.കെ ചന്ദ്രൻ സി പി എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമാണ്. സുരക്ഷാ പാലിയേറ്റീവ് മേഖലാ ഭാരവാഹിയും എ.കെ.ജി ഫുട്ബോൾ ക്ലബ്ബിൻ്റെ ഭാരവാഹിയുമാണ്. വാർഡ് 35 ചാലിൽ പറമ്പിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ട എം കെ മഹേഷ് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിറ്റി സെക്രട്ടറിയാണ്. വി .കെ രേഖ പന്തലായനി സൗത്ത് വാർഡിൽ നിന്നാണ് ജയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും മുൻ നഗരസഭ കൗൺസിലറുമാണ്. വാർഡ് 27 കണയങ്കോടിൽ നിന്ന് വിജയിച്ച കെ. ബിനില സി പി എം ബ്രാഞ്ച് മെമ്പറാണ്.
പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബർ 21ന് നടക്കും. കൊയിലാണ്ടി ടൗൺ ഹാളിൽ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. അതിനുശേഷം ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതിൻ്റെ തീയതി പിന്നീട് അറിയിക്കും. ആറ് സ്ഥിരം സമിതി അധ്യക്ഷൻമാരെയും കൗൺസിൽ യോഗം ചേർന്ന് പിന്നിട് തിരഞ്ഞെടുക്കും. കഴിഞ്ഞ തവണ പുരുഷൻമാർ ചെയർമാൻമാരായ ധനകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായി വനിതാ കൗൺസിലർമാർ വരും. വിദ്യാഭ്യാസം, വികസനം, ആരോഗ്യം എന്നിവയുടെ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ജനറലാവും. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വൈസ് ചെയർമാൻ ആണ്.
യുഡിഎഫിന് നഗരസഭ കൗൺസിൽ 20 സീറ്റ് ലഭിച്ച സാഹചര്യത്തിൽ ഒന്നോ രണ്ടോ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് അവർ വരുമെന്ന് ഉറപ്പാണ്. എല്ലാ സ്ഥിരം സമിതിയിലും ഭരണ പ്രതിപക്ഷാംഗങ്ങൾ ഉണ്ടാവും. ഏതെങ്കിലും സാഹചര്യത്തിൽ യു ഡി എഫിന് ബി ജെ പി നിരുപാധിക പിന്തുണ നൽകിയാൽ ഭരണം യു ഡി എഫിന് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ അതിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഭരണപക്ഷത്തിന് പ്രതിപക്ഷ സഹകരണത്തോട് കൂടി മാത്രമേ കൊയിലാണ്ടിയിൽ സുഗമമായി ഭരിക്കാൻ കഴിയുകയുള്ളു.







