സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ശ്രീ.സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവർ. ഇവരുടെ സ്മരണാർത്ഥം കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്കാരമാണ് നമിതം. ഒമ്പതാമത് നമിതം സാഹിത്യ പുരസ്കാരം പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ സജീവ സാന്നിധ്യമായ കന്മന ശ്രീധരൻ മാസ്റ്റർക്ക് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി.അബൂബക്കർ സമ്മാനിച്ചു. തലമുറകളുടെ അധ്യാപകൻ, ലാവണ്യം തുളുമ്പുന്ന വാക്കുകളിലൂടെ പ്രഭാഷണകലയെ ഔന്നത്യങ്ങളിലെത്തിച്ച പ്രഭാഷകൻ, എന്നീ നിലകളിൽ കന്മന ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ആരവങ്ങൾക്കിടയിലെ നിശ്ശബ്ദതയും നിശ്ശബ്ദതയിൽ ഒളിഞ്ഞു കിടക്കുന്ന ശബ്ദായമാനമായ അന്തരീക്ഷവും കന്മന തന്റെ എഴുത്തിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു. പ്രൊഫസർ സി.പി.അബൂബക്കർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭാസ്കരൻ ചേനോത്ത് സ്വാഗതമാശംസിച്ചു.
യു.കെ.രാഘവൻ, ടി.സുരേന്ദ്രൻ, ഡോക്ടർ.എൻ.വി. സദാനന്ദൻ, ഇ.ഗംഗാധരൻ മാസ്റ്റർ, വി.പി.ബാലകൃഷ്ണൻ മാസ്റ്റർ, പി.എൻ. ശാന്തമ്മ, പി.കെ. ബാലകൃഷ്ണൻ കിടാവ്, ഒ. രാഘവൻ മാസ്റ്റർ, വി.എം. ലീല ടീച്ചർ, പി.ഉണ്ണികൃഷ്ണൻ,
കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കന്മന ശ്രീധരൻ മാസ്റ്റർ മറുമൊഴി രേഖപ്പെടുത്തി. സുനിൽ തിരുവങ്ങാർ, പ്രൊഫ. രാജ്മോഹൻ എന്നിവർ നയിച്ച ഗാനകേളിയും അരങ്ങേറി.







