ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലുള്ള വിധി വന്ന ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്നാണ് എസ്.ഐ.ടി.യുടെ നിലപാട്. മുൻകൂർ ജാമ്യാപേക്ഷ നാളെ തള്ളിയാൽ, ഉടൻ തന്നെ എം.എൽ.എയെ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. ചോദ്യം ചെയ്ത് വിട്ടയച്ചാൽ കസ്റ്റഡി ആവശ്യത്തിന് അത് തിരിച്ചടിയാകുമെന്നാണ് എസ്.ഐ.ടി.യുടെ വിലയിരുത്തൽ. കേസിൻ്റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എസ്.ഐ.ടി. കോടതിയെ അറിയിക്കും.
ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നതായിരുന്നു പ്രധാന ഉപാധി. പരാതി നൽകുന്നതിലുണ്ടായ കാലതാമസം, പരാതിയിലും മൊഴിയിലുമുള്ള വൈരുദ്ധ്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയ കോടതി, രാഹുലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പ്രഥമദൃഷ്ട്യാ സാധിച്ചിട്ടില്ല എന്ന് നിരീക്ഷിച്ചു. ബലാത്സംഗ പരാതിയിൽ സംശയമുണ്ടെന്നും, പോലീസിന് പരാതി നൽകാതെ കെ.പി.സി.സി. പ്രസിഡന്റിന് പരാതി നൽകിയതും കോടതി ശ്രദ്ധയിൽപ്പെടുത്തി. അതേസമയം, രാഹുലിനെതിരായ ആരോപണം ഗൗരവതരമാണ് എന്നും കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
അതേസമയം ബെംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നതാണ് രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ കേസ്. താൻ നേരിട്ടത് അതിക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത ദിവസങ്ങൾക്ക് മുൻപ് എസ്.ഐ.ടി.ക്ക് മൊഴി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച രാഹുൽ, ശരീരമാകെ മുറിവേൽപ്പിക്കുന്ന രീതിയിലുള്ള ക്രൂരമായ ബലാത്സംഗമാണ് നടത്തിയതെന്നാണ് യുവതിയുടെ മൊഴി. ഈ നിർണായക മൊഴിയാണ് കേസിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കാൻ അന്വേഷണസംഘത്തെ സഹായിക്കുന്നത്.







