പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷനൽകി ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ. കാറിനുള്ളിൽനിന്നുതന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. വടകര ബേബി മെമ്മോറിയൽ ആശുപത്രി അത്യാഹിതവിഭാഗത്തിന് തൊട്ടുമുന്നിലാണ് സംഭവം. ഈ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ആദ്യം നടന്ന പ്രസവമാണിത്.
നാദാപുരം പാറക്കടവ് സ്വദേശിനിയായ 30-കാരിയെ കഴിഞ്ഞദിവസം വൈകീട്ടാണ് പ്രസവവേദനയോടെ ആശുപത്രിയിലേക്കുകൊണ്ടുവന്നത്. വഴിക്കുവെച്ച് വേദന അനുഭവപ്പെട്ടു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലുമായിരുന്നു. അത്യാഹിതവിഭാഗത്തിനു മുന്നിൽ നിർത്തിയ കാറിലേക്ക് വിവരമറിഞ്ഞ് ഡോക്ടർമാരും നഴ്‌സുമാരും ഓടിയെത്തി. തുടർന്ന് വാഹനത്തിൽവെച്ചു തന്നെ കുഞ്ഞിനെ പുറത്തെടുത്തു. അമ്മയെയും കുഞ്ഞിനെയും ഉള്ളിലേക്കു മാറ്റി. പരിചരണത്തിനായി ശിശുരോഗചികിത്സാ വിദഗ്‌ധരും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുമെത്തി.
കുഞ്ഞും അമ്മയും ഇപ്പോൾ സുഖമായിരിക്കുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമയോചിത ഇടപെടലാണ് സങ്കീർണതയൊഴിവാക്കിയത്. എമർജൻസി വിഭാഗം കൺസൽട്ടന്റ് ഡോ. ശ്രുതി അജിത്കുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. റയീസ്, ഡോ. ഫാദിയ, നഴ്‌സുമാരായ സംയുക്ത, ഭാഗ്യ, അയന, സുഹൈൽ, ഷഹബാസ് എന്നിവരുൾപ്പെടുന്ന ടീമാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്. ഇവരെ ആശുപത്രി മാനേജ്മെന്റ് അഭിനന്ദിച്ചു.







