കൂരാച്ചുണ്ട് കൊട്ടിക്കയറിയ പ്രചാരണ പൂരത്തിനൊടുവിൽ പ്രവർത്തകരെ ആവേശത്തിലാക്കിയ കലാശക്കൊട്ടോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ള പ്രവർത്തകർ വാദ്യമേളങ്ങൾക്കൊപ്പം നൃത്തം ചെയ്‌തും ആർപ്പുവിളിച്ചതോടെ മുന്നണികളുടെ ശക്തി പ്രകടനമായി സമാപനം മാറി.
ബാന്റ് മേളം, ചെണ്ടമേളം, ഡി.ജെ എന്നിവ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു. റാലികൾ, റോഡ് ഷോകൾ, കൊടിതോരണങ്ങൾ, പേപ്പർ ബ്ലാസ്റ്റുകൾ എന്നിവയാൽ ആവേശം കത്തിക്കയറി. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ചൊവ്വാഴ്ച തിരശീല വീണത്. അവസാന മിനിട്ടിലും വിജയമുറപ്പിച്ചാണ് മുന്നണികൾ കളം വിട്ടത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ക്രമീകരിച്ചിരുന്നു.







