കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. കോഴിക്കോട് റേഞ്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പൂർണ വളർച്ചയെത്തിയ ഒരാളെക്കാൾ ഉയരത്തിലുള്ള പതിനേഴോളം കഞ്ചാവ് എക്സൈസ് പിടിച്ചത്.
കോഴിക്കോട് കുതിരവട്ടത്ത് നിന്നും അരയിടത്തു പാലത്തേക്കുള്ള റോഡിൻ്റെ അരികിലെ ആളൊഴിഞ്ഞ പറമ്പിൽ ആയിരുന്നു ഇത്രയേറെ കഞ്ചാവ് ചെടികൾ. എക്സൈസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
ആദ്യം കുറച്ച് കഞ്ചാവ് ചെടികളാണ് പരിശോധനയിൽ എക്സൈസ് വിഭാഗത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.
തുടർന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ പ്രഹ്ലാദൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർ രാമകൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം പ്രശാന്ത്, വി അഖിൽ എന്നിവർ ചേർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ കൂടുതൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു.
ക്രിസ്‌മസ്, ന്യൂയർ മുന്നോടിയായി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കോഴിക്കോട് എക്സൈസ് റേഞ്ച് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.







