വാഹനത്തിന്റെ ഭംഗി ശബ്ദത്തിലല്ല — ഉത്തരവാദിത്തത്തിലാണ് ; കുറിപ്പുമായി എം.വി.ഡി

ഒരു നിമിഷത്തെ ആവേശത്തിനായി റോഡുകൾ മുഴുവൻ കരളിളക്കുന്ന സൈലൻസർ ശബ്ദം പടർത്തുന്ന പ്രവണതയെയും, ഗതാഗതക്കുരുക്കിലും അനാവശ്യ ഹോൺ പൊട്ടിക്കുന്നവരെയും നേരിട്ട് വിമർശിച്ചു കൊണ്ടാണ്  മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വന്നത്. “നമുക്ക് കേട്ടാൽ മറക്കുന്ന ശബ്ദം… മറ്റൊരാളുടെ സ്ഥിര വേദനയാകുന്നു” എംവിഡിയുടെ ഈ വാചകം സമൂഹമാധ്യമങ്ങളിൽ തന്നെ തരംഗമാകുകയാണ്.

ശബ്ദ മലിനീകരണം എന്നത് നമുക്ക് കാണാനാകാത്ത പക്ഷേ ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന ഒരു മറഞ്ഞു നിൽക്കുന്ന ഭീഷണിയാണ്.
ഒരൊറ്റ നിമിഷത്തെ ആവേശത്തിനായി മാറ്റിയ സൈലൻസറുകളുടെ കരളിളക്കുന്ന അമിത ശബ്ദം, ഹോൺ മുഴക്കങ്ങൾ, എഞ്ചിൻ ശബ്ദം എന്നിവ ചുറ്റുപാടുള്ളവരുടെ മനസ്സിനും ശരീരത്തിനും വേദനയാകുന്നു. ഓരോ അമിത ശബ്ദവും മുതിർന്നവരിൽ രക്തസമ്മർദ്ദവും വർധിപ്പിക്കുകയും, കുട്ടികളിൽ പഠനശേഷിയെ കുറയ്ക്കുകയും, കുഞ്ഞിന്റെ ഉറക്കവും, വിദ്യാർത്ഥിയുടെ സ്വപ്നങ്ങളും തകർക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
നമുക്ക് ഒരു നിമിഷം കേട്ടാൽ മറക്കാവുന്ന ശബ്ദം മറ്റൊരാളുടെ സ്ഥിരമായ വേദനയായി മാറാതിരിക്കാൻ ഉത്തരവാദിത്തത്തോടെ വാഹനങ്ങൾ ഉപയോഗിക്കുകയും അനാവശ്യ ഹോൺ ഒഴിവാക്കുകയും ചെയ്യണം.
വാഹനത്തിന്റെ ഭംഗി ശബ്ദത്തിലല്ല — ഉത്തരവാദിത്തത്തിലാണ്.
ശാന്തമായ ഒരു നാളെക്കായി… നമ്മൾ ഓരോരുത്തരും മാറുക.

Leave a Reply

Your email address will not be published.