യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. സർക്കാർ കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇൻഡിഗോയുടെ നിലപാട് കാരണം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്ന അവസ്ഥയുമുണ്ടായി. നിലവിൽ ഇൻഡിഗോയുടെ സർവീസുകൾ സാധാരണനിലയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്ന് ലോക്‌സഭയിൽ മന്ത്രി അറിയിച്ചു.
“വിമാനത്താവളങ്ങളിലെ പ്രതിഷേധങ്ങൾ കുറഞ്ഞു, പ്രവർത്തനം സാധാരണനിലയിലായി. റീഫണ്ട്, ബാഗേജ് തിരിച്ചെത്തിക്കൽ, യാത്രക്കാർക്ക് നൽകുന്ന പിന്തുണ തുടങ്ങിയവ വ്യോമയാന മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്തം ഉറപ്പാക്കും. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനനുസരിച്ച് ശക്തമായ നടപടിയുണ്ടാകും.
ഏതു വിമാനക്കമ്പനിയാണെങ്കിലും എത്ര വലുതാണെങ്കിലും യാത്രക്കാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ വരുത്തുന്നത് അനുവദിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു ഇളവുമില്ല. രാജ്യാന്തരതലത്തിലെ ഉയർന്ന സുരക്ഷാ സ്‌റ്റാൻഡേർഡുകൾ നടപ്പാക്കാൻ ഇന്ത്യയും ബാധ്യസ്ഥമാണ്.
പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിനു മുൻപ് എല്ലാവരുമായി ആലോചിച്ചിരുന്നു. 2025 ജൂൺ ഒന്നുമുതൽ ഒന്നാം ഘട്ടവും നവംബർ ഒന്നുമുതൽ രണ്ടാം ഘട്ടവും നടപ്പാക്കാനായിരുന്നു തീരുമാനം. ഈ ചട്ടങ്ങളെല്ലാം അനുസരിക്കുമെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ഇൻഡിഗോ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒന്നും ഫലവത്തായില്ല. കേന്ദ്രസർക്കാർ എടുക്കുന്ന ഏതു തീരുമാനവും യാത്രക്കാരുടെ താൽപര്യം പരിഗണിച്ചുള്ളതായിരിക്കും.” – അദ്ദേഹം പറഞ്ഞു.







