കോഴിക്കോട്: സംസ്ഥാനത്ത് ഇടത് തരംഗം വ്യക്തമായതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചാരണ സമയത്തെ ജനപങ്കാളിത്തം തന്നെ എൽഡിഎഫിനുള്ള ജനവിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വെക്കും എന്നും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് മതനിരപേക്ഷ മൂല്യങ്ങൾക്ക് പ്രധാന്യം നൽകുന്ന ജനങ്ങൾ എൽഡിഎഫിനെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും എല്ലായിടത്തും എൽഡിഎഫ് അനുകൂല ട്രെൻഡാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മീൻചന്തയിൽ പാലം നിർമ്മാണം പൂർത്തിയാക്കുമെന്നും റിയാസ് അറിയിച്ചു. സർക്കാരിന്റെയും കോർപ്പറേഷന്റെയും പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിശ്വാസം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.






