ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി. ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്. നട തുറന്ന് 22 ദിവസങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽ ദർശനം നടത്തിയ ഭക്തരുടെ ആകെ എണ്ണം 20 ലക്ഷം കവിഞ്ഞു. സ്പോട്ട് ബുക്കിങ് വഴി 14,368 അയ്യപ്പന്മാരും ദർശനം നടത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.
ശബരിമലയിൽ കാനനപാത വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. തിരക്ക് വർധിക്കുമ്പോഴും, സുഖകരമായ ദർശനം സാധ്യമാക്കുന്നതിനായി പോലീസും ദേവസ്വം ബോർഡും സർക്കാരും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള കാനനയാത്രയിൽ, വനംവകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം ഭക്തർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ കരുതലുകൾക്ക് തീർത്ഥാടകർ നന്ദി അറിയിച്ചു. തിരക്കുണ്ടെങ്കിലും ഇത്തവണ ഒരുക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങളിൽ ഭക്തർ പൂർണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തുന്നത്.







