എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം 24 വിത്തുകള്‍ ഉപയോഗിച്ച് അവര്‍ നെല്‍കൃഷി ചെയ്തു. ഏറ്റവും ഒടുവിലായി അഘോനി ബോറ എന്നയിനം നെല്‍ വിത്തുപയോഗിച്ചായിരുന്നു കൃഷി. അസ്സമിലെ ഗോത്ര വിഭാഗങ്ങള്‍ കൃഷി ചെയ്യുന്ന നെല്ലിനമാണിത്.കേരളത്തില്‍ ചുരുക്കം ചില കര്‍ഷകര്‍ ഈ വിത്തിറക്കി കൃഷി ചെയ്തിരുന്നു. കൊയിലാണ്ടി വിയ്യൂരിലെ കര്‍ഷക കൂട്ടവും അഘോനി ബോറ വിളയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സ്ഥലത്ത് ഈയിനം കൃഷി ചെയ്താണ് മറിയം ഉമ്മയും ശ്രദ്ദേയയായത്.നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു പഠന ക്ലാസില്‍ പങ്കെടുത്തപ്പോള്‍,നെല്‍കൃഷിയോടുളള ഇവരുടെ താല്‍പ്പര്യം കണ്ട് ഒരു ഉദ്യോഗസ്ഥനാണ് ഇവര്‍ക്ക് അഘോനി ബോറ വിത്ത് സംഘടിപ്പിച്ചു നല്‍കിയത്.
ആസാം ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് അഘോനി ബോറ കൂടുതല്‍ കൃഷി ചെയ്യുന്നത്. അധികം ഉയരം വെക്കാത്ത ഒരിനമാണിത്. ‘റെഡി ടു ഈറ്റ് റൈസ്’ എന്നാണ് അഘോനി ബോറ അല്ലെങ്കില്‍ ബൊക്ക ചാള്‍ എന്ന അരിയിനം അറിയപ്പെടുന്നത്. 45 മിനിറ്റ് പച്ചവെള്ളത്തിലിട്ടാല്‍ അരി ചോറായി മാറുമെന്നാണ് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നത്.ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റ് മതി. അതുകൊണ്ട് യാത്രകളിലും മറ്റും വളരെ ഉപകാരപ്രദമാണ് ഈ നെല്ലിനം. അസമീസ് വിശേഷദിവസങ്ങളില്‍ ക്രീം, തൈര്, പഞ്ചസാര, പാല്‍ എന്നിവയോടൊപ്പം വേവിച്ച അഘോനി ബോറയും പരമ്പരാഗതമായി വീടുകളില്‍ വിളമ്പാറുണ്ട്. 2
018 ല്‍ ഭൗമസൂചികാ പദവി ലഭിച്ച ‘മാജിക്കല്‍ റൈസ്’ മികച്ച പോഷക ഗുണമുള്ളതു കൂടിയാണ്. പരമ്പരാഗമായി നെല്‍കൃഷി ചെയ്യുന്ന കുടുംബമാണ് മറിയത്തിന്റെത്. അപൂര്‍വ്വ നെല്‍വിത്തുകള്‍ ശേഖരിച്ച് കൃഷി ചെയ്യുകയെന്നത് ഇവരുടെ ഹോബിയാണ്. അത്തരം വിത്തുകള്‍ സമ്പാദിക്കാന്‍ ഏതറ്റം വരെയും ഇവര്‍ പോകും. ആവശ്യത്തിന് വിത്തായിക്കഴിഞ്ഞാല്‍ അഘോനി ബോറ താത്പര്യമുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന്മറിയം ഉമ്മ പറഞ്ഞു. അഘോനി ബോറയുടെ വിളവെടുപ്പിന് അസി. കൃഷി ഓഫീസര്‍ രജീഷ്,പ്രദേശവാസികള്‍ എന്നിവരെല്ലാം പങ്കെടുത്തു. തണുപ്പുള്ള പ്രദേശങ്ങളിലാണ് അഘോനി ബോറ സാധാരണ വളരാറുള്ളത്. എന്നാല്‍ കട്ടക്കിലെ സെന്റര്‍ ഫോര്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ കഴിയുന്ന അഘോനി ബോറ വികസിപ്പിച്ചിട്ടുണ്ട്.
കന്നി കൃഷിയ്ക്ക് പറ്റിയ വെളളപ്പുണാരന്‍,പളളിയാറല്‍,തവള കണ്ണന്‍,ചോമാല,മല്ലിക്കുറുവ ഇതെല്ലാം ഇവര്‍ കൃഷി ചെയ്തിരുന്നു. മകരം കൃഷിയ്ക്ക് പറ്റിയ ഒറീസ,വെതാണ്ടം,ഇട്ടികണ്ടപ്പന്‍,ചെറുറ്റിയനി,ഉത്രാടന്‍,കല്യാണിക്കുട്ടി,രക്തശാലി,നവര,ഉമ,ജയ,ആയിരം കണ,അന്നപ്പൂര്‍ണ്ണ, ബസുമതി,കൈയ്മ തുടങ്ങിയ നെല്ലിനങ്ങള്‍ മറിയം ഉമ്മ കൃഷിചെയ്തിരുന്നു. ഇതിന്റെയൊക്കെ വിത്തുകള്‍ പലതും നശിച്ചു പോയതായി ഇവര്‍ പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന കൃഷി ചെലവാണ് നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്നാക്കം വലിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം നെല്‍കൃഷി നടത്താനാണ് ണറിയത്തിന്റെ ആഗ്രഹം. ഇവരുടെ മകള്‍ റംല ഖത്തറിലും നെല്‍കൃഷി ചെയ്തു ശ്രദ്ദേയയായിരുന്നു. സൗദ,ആയിശു,സുഹറ എന്നിവരും മക്കളാണ്.







