മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് ശരീരത്തിൽ ഉളുക്കോ പേശി വലിവോ മറ്റോ അനുഭവപ്പെട്ടാൽ ഇവിടെ എത്തിയാൽ മതി.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയാകുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്.മണ്ഡലം മഹോത്സവം അവസാനിക്കുന്നത് വരെ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് യൂണിറ്റ് പ്രവർത്തിക്കുക.







