കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ചു വർഷമായി നീണ്ടുനിന്ന വിചാരണയും നിരവധി നാടകീയ സംഭവങ്ങളും കഴിഞ്ഞാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രഖ്യാപിക്കുക. കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പ്രവേശനത്തിൽ നിയന്ത്രണങ്ങളുണ്ട്.
സംഭവം നടന്നിട്ട് എട്ട് വർഷങ്ങൾക്കു ശേഷമാണ് വിചാരണ പൂർത്തിയാകുന്നത്. അതിജീവിതയുടെ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ദിനമാണ് ഇത്.
2017 ഫെബ്രുവരി 17-ന് എറണാകുളം–അങ്കമാലി ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്തിരുന്നു. സംഭവദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തുകയും ചെയ്തു.
ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. പൾസർ സുനി, നടിയുടെ ഡ്രൈവർ മാർട്ടിൻ, ബി. മണികണ്ഠൻ എന്നിവരുള്‍പ്പെടെ ആകെ പത്ത് പ്രതികളാണ് കേസിൽ. പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി മാറി.
പ്രമുഖ നടിനടന്മാരടക്കം 261 സാക്ഷികൾ ഉള്ള കേസിൽ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികൾ കോടതിയിൽ പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസം ചെലവഴിച്ചു. ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് ചുമത്തപ്പെട്ടിട്ടുണ്ട്. പ്രതികൾക്ക് എല്ലാവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.







