1963 മുതല്‍ ഇടതുപക്ഷം മാത്രം ഭരിച്ച പഞ്ചായത്താണ് അരിക്കുളം. എല്ലാ തിരഞ്ഞെടുപ്പിലും അരിക്കുളം ചുവപ്പായി നിന്നു. എന്നാല്‍ ഇത്തവണയെങ്കിലും ചരിത്രം മാറ്റിയെഴുതാനുളള അതി കഠിനമായ ശ്രമത്തിലാണ് യു ഡി എഫ്. നിലവില്‍ 13 വാര്‍ഡുകളായിരുന്നു അരിക്കുളത്ത് ഉണ്ടായിരുന്നത്. അതിപ്പോള്‍ 15 ആയി ഉയര്‍ന്നു. ജില്ലയിലെ പ്രധാന പാടശേഖരമായ വെളിയണ്ണൂര്‍ ചല്ലി ഉള്‍പ്പടെ ഗ്രാമീണ മേഖലയാണ് ഇപ്പോഴും അരിക്കുളം.
1963 മുതല്‍ 65 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ.പി കുഞ്ഞികൃഷ്ണന്‍ നായരായിരുന്നു പ്രസിഡന്റ്. തുടര്‍ന്ന് 1968 വരെ എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ പ്രസിഡന്റായി.1968 മുതല്‍ 1995 വരെ 27 വര്‍ഷം തുടര്‍ച്ചയായി യു.കെ.കുഞ്ഞിച്ചോയി പഞ്ചായത്ത് പ്രസിഡന്റ് ആയി. ഇത്രയും ദീര്‍ഘകാലം പഞ്ചായത്ത് ഭരിച്ച പ്രസിഡന്റുമാര്‍ അപൂര്‍വ്വമാണ്.1995ല്‍ കെ.കെ.നാരായണന്‍, എ.കെ.എന്‍ അടിയോടി, പി.ഗീതാദേവി, ടി.സുരേഷ്, സി.രാധ, എ.എം.സുഗതന്‍ എന്നിവര്‍ പ്രസിഡന്റുമാരായി.
തുടര്‍ച്ചയായ ഇടത് ഭരണത്തില്‍ അരിക്കുളം കൈവരിച്ച വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് എല്‍ ഡി എഫ് വോട്ട് ചോദിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം നൂറ്റി അറുപത്തെട്ടര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അരിക്കുളത്ത് നടത്തിയതായി പ്രസിഡന്റ് എ.എം.സുഗതന്‍ പറഞ്ഞു. വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 20.70 കോടിയുടെ പദ്ധതി നടപ്പിലാക്കി. അപേക്ഷിച്ച എല്ലാവര്‍ക്കും വീട് നല്‍കി. ജല്‍ജീവന്‍ പദ്ധതി നടപ്പാക്കി. ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി. മാണിമാധവചാക്യാര്‍ സ്മാരകം നിര്‍മ്മിച്ചു. സാംസ്‌ക്കാരിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കി.
എന്നാല്‍ 62 വര്‍ഷത്തെ ഇടത് ഭരണത്തില്‍ അരിക്കുളം ഇപ്പോഴും പിന്നാക്ക മേഖലയായി തുടരുകയാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ നീലാംബരി കുറ്റപ്പെടുത്തി. എടുത്ത് പറയത്തക്ക ഒരു വികസനവും ഇവിടെയില്ല. തൊഴില്‍ സംരംഭങ്ങളില്ല, അരിക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ഇല്ല. പൊതു മത്സ്യമാര്‍ക്കറ്റില്ല, പൊതു ശ്മശാനമില്ല, പ്രധാന കേന്ദ്രങ്ങളില്‍ ശൗചാലയങ്ങളില്ല, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങളില്ല. ഇത്തവണ വലിയ ഭൂരിപക്ഷം നേടി യു ഡി എഫ് അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരിക്കുളത്തിന്റെ മനസ്സ് യു ഡി എഫിനോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 747 വോട്ടിന്റെ ലീഡ് ഷാഫി പറമ്പിലിന് ലഭിച്ചിരുന്നു.
ഇടത് വലത് മുന്നണികള്‍ക്കൊപ്പം തന്നെ ബി ജെ പിയും അതിശക്തമായി അരിക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ട്. അരിക്കുളത്തിന്റെ വികസന മുരടിപ്പും ഒപ്പം കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ ഭരണ നേട്ടങ്ങളുമാണ് ഇവര്‍ പ്രചരണായുധമാക്കുന്നത്.







