കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ അടുക്കളയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അടുക്കളയുടെ ചുമർ ഭാഗവും ജനലുകളും തറയും ചുമരുകളും എല്ലാം തകർന്നിട്ടുണ്ട്. ഉപയോഗിക്കുന്ന ഒരു സിലിണ്ടർ കൂടാതെ മറ്റൊരു സിലിണ്ടർ കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ സിലിണ്ടർ 100 മീറ്ററോളം ദൂരെ തെറിച്ചു പോയി. അപകടത്തിൽ പ്രദേശത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നു.







