സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പദ്ധതിയുടെ പേരിൽ പലയിടങ്ങളിലും വിതരണം ചെയ്യപ്പെട്ട അപേക്ഷാഫോറങ്ങൾ വ്യാജമാണെന്ന് സർക്കാർ വിശദീകരിച്ചു. പെരുമാറ്റച്ചട്ടലംഘനം ആരോപിച്ചുള്ള പരാതികൾ കമ്മീഷന് ലഭിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
നിലവിൽ യാതൊരു ക്ഷേമപദ്ധതിയുടെയും പെൻഷൻ ലഭിക്കാത്ത 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സമൂഹ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്ത ട്രാൻസ് വനിതകളുമടക്കം സാമ്പത്തിക പിന്നാക്ക കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഈ പദ്ധതി ഗുണകരമാകും.
ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞ കാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) വിഭാഗങ്ങളിലെ 35–60 വയസ്സുള്ള സ്ത്രീകൾക്കാണ് സ്ത്രീസുരക്ഷ പെൻഷൻ അനുവദിക്കുക. ഏകദേശം 31.34 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി വരും. പദ്ധതി നടപ്പാക്കാൻ പ്രതിവർഷം 3,800 കോടി രൂപ ചെലവാകുമെന്നാണ് സർക്കാർ കണക്ക്.







