കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന കാലത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയോടൊപ്പമാണ് താനെന്നും ഷാഫി പറമ്പില്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘രേഖാമൂലം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രാഥമികമായി പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഒരു ആക്ഷേപം ഉയര്‍ന്നയുടന്‍ നടപടിയെടുക്കാന്‍ കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. പിന്നീട് കേസില്‍ പൊലീസ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനുള്ള സൗകര്യമൊരുക്കാനും കോണ്‍ഗ്രസ് മടിച്ചില്ല. പാര്‍ട്ടിക്ക് ലഭിച്ച പരാതിയും ഒറ്റയ്ക്ക് അന്വേഷിക്കുന്നതിന് പകരം പാര്‍ട്ടി ഡിജിപിക്ക് കൈമാറി. എല്ലാം നിയമപരമായിട്ട് മുന്നോട്ട് പോവട്ടെയെന്നാണ് തുടക്കംമുതലേ കെപിസിസിയുടെ നിലപാട്.’ ഷാഫി വ്യക്തമാക്കി.
‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഒറ്റക്കെട്ടായ തീരുമാനത്തെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ പറയാന്‍ താനാളല്ല. പൂര്‍ണമായും പാര്‍ട്ടിക്കാരനാണ് താന്‍. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല.’
‘രാഹുലുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. അയാളുടെ സംഘടനാപ്രവര്‍ത്തനങ്ങളാണ് പിന്തുണച്ചത്. സംഘടനക്കകത്ത് വളര്‍ന്നുവരുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ പിന്തുണയ്‌ക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട്. എന്നാലും, ഒരാളുടെയും വ്യക്തിപരമായ ജീവിതത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ ശ്രമിച്ചിട്ടില്ല.’
ഇത്തരം വിഷയങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് സ്വീകരിച്ചിട്ടില്ലാത്ത നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
.







