നഗരസഭാ തെരഞ്ഞെടുപ്പിന് നേരത്തെ തയ്യാറെടുത്ത യു ഡി എഫ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം കുറിക്കും. എ ഐ സി സി ജന. സെക്രട്ടറി കെ. സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍ എം. പി, മുസ്ലീംലീഗ് നേതാവ് കെ എം ഷാജി എന്നിവര്‍ നയിക്കുന്ന റോഡ് ഷോയും സ്ഥാനാര്‍ത്ഥി സംഗമവും സമന്വയിപ്പിച്ചുകൊണ്ടാണ് നാലാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. നഗരസഭയിലെ ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിചേരുക.
പതിവിന് വിപരീതമായി നഗരസഭ തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ കൃത്യമായ രീതിയില്‍ തുടക്കം കുറിക്കുവാന്‍ യു ഡി എഫിന് സാധിച്ചിരുന്നു എന്ന് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി യു ഡി എഫ് നേതാക്കള്‍ നയിച്ച ജനമുന്നേറ്റ യാത്ര വിജയമായി മാറി. രണ്ടാം ഘട്ടമായി നടന്ന റാലിയിലും വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഷാഫി പറമ്പില്‍ എം.പി യാണ് റാലി ഉദ്ഘാടനം ചെയ്തത്. മൂന്നാം ഘട്ടമായി നടന്ന സീറ്റ് വിഭജന ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മുന്നണിക്കകത്ത് യാതൊരു വിധ അസ്വസ്ഥതകളുമില്ലാതെ പൂര്‍ത്തിയാക്കുവാനും സാധിച്ചു. വിജയ സാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും ലീഗും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയും ചെയ്തത് മുന്നണിയിലെ ഐക്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ തവണ ബി.ജെ.പി ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷികളുമായി സി പി എം പരസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്നത് പരാജയ ഭീതിയുടെ ലക്ഷണമാണ്. ചില വാര്‍ഡുകളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതും മറ്റ് ചില വാര്‍ഡുകളില്‍ ബി ജെ പി നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ സി പി എം സ്ഥാനാര്‍ത്ഥികളാകുന്നതും, ഈ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ ‘സഖാവ്’ എന്ന് എഴുതാത്തതും ഈ ബന്ധത്തിന്റെ തെളിവാണ്. മാത്രമല്ല യു ഡി എഫിന് വിജയ സാധ്യതയുള്ള വാര്‍ഡുകളില്‍ ബി ജെ പിക്ക് പുറമെ മറ്റ് മത തീവ്ര സംഘടനകളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും ഇവര്‍ തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായാണ്. ഈ ജനാധിപത്യ വിരുദ്ധ കൂട്ടുകെട്ടുകളെ കൊയിലാണ്ടിയിലെ പ്രബുദ്ധരായ ജനത ചെറുത്ത് തോല്‍പ്പിക്കുമെന്നും യു ഡി എഫ് അവകാശപ്പെട്ടു.
മുപ്പത് വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുവാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് യു ഡി എഫ് നേതൃത്വം പറഞ്ഞു. ഇടത് ഭരണത്തിലെ അഴിമതിയും സ്വജന പക്ഷപാതവും വികസന മുരടിപ്പും വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുവാന്‍ യു ഡി എഫിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ മുതിര്‍ന്നവരും ചെറുപ്പക്കാരും ഉള്‍പ്പെടുന്ന മികച്ച സ്ഥാനാര്‍ത്ഥി നിരയും യു ഡി എഫിന് മേല്‍ക്കോയ്മ നല്‍കുന്നു. മുപ്പതിലധികം സീറ്റുകള്‍ ഇത്തവണ യു ഡി എഫ് നേടുമെന്നും നേതൃത്വം പറഞ്ഞു.
പത്രസമ്മേളനത്തില്‍ യു ഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ അന്‍വര്‍ ഇയ്യഞ്ചേരി, കണ്‍വീനര്‍ കെ.പി വിനോദ് കുമാര്‍ , വി പി ഇബ്രാഹിം കുട്ടി, എ അസീസ് മാസ്റ്റർ ,അരുൺ മണമൽ എന്നിവര്‍ പങ്കെടുത്തു.






