ജനക്ഷേമ പ്രവർത്തനങ്ങളും, വയോജന ,ബാല്യ കൗമാരക്കാരുടെ പ്രശ്നങ്ങളും നെഞ്ചേറ്റി രംഗത്തിറങ്ങുകയാണ് പയ്യോളി ജനമൈത്രി പോലീസ്. മുൻകാലങ്ങളിൽ നിന്നും കുറേക്കൂടി മെച്ചപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ജനമൈത്രി യോഗം തീരുമാനിച്ചു. ഒപ്പം സൈമൺസ് കണ്ണാശുപത്രി, കരിമ്പന പാലം വക നേത്ര പരിശോധന ക്യാമ്പും, പയ്യോളി നഗരസഭ കുടുംബാരോഗ്യകേന്ദ്രം വക ലോക എയ്ഡ്സ് ദിനാചരണവും നടന്നു.
പരിപാടി ഇൻസ്പെക്ടർ ജിതേഷ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ സുദർശൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വിജയൻ, സിവിൽ പോലീസ് ഓഫീസർ രജീഷ് ചെമ്മാരി, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ്, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.
സമൂഹത്തിൽ അതിവേഗം പടർന്നു പിടിക്കുന്ന അരക്ഷിത ബോധവും യുവാക്കളെ ശ്വാസംമുട്ടിക്കുന്ന ലഹരി വ്യാപനവും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശാ വർക്കർമാരുടെയും പൊതു പ്രവർത്തകരുടെയും തിങ്ങി നിറഞ്ഞ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.







