ഉറുമാമ്പഴമെന്നും അനാറെന്നുമൊക്കെ നമ്മൾ വിളിക്കുന്നമാതളം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴങ്ങളിലൊന്നാണ്. ദിവസേന മാതളം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ പഴം. ഒരു മാസം തുടർച്ചയായി മാതളം കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന അതിശയകരമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയാരോഗ്യം വർധിക്കും
മാതളത്തിലടങ്ങിയ പോളിഫിനോള്‍, പ്യൂനികലാജിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയു ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. ഇവ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടഞ്ഞ് രക്തപ്രവാഹം മെച്ചപ്പെടുത്തും. ദിവസവും മാതളം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ചർമം തിളങ്ങും
ചെറിയ ഒരു ബൗൾ മാതളം 2-3 ആഴ്ച തുടർച്ചയായി കഴിച്ചാൽ ചർമത്തിന് തിളക്കം കൂടുന്നതായി കാണാം. മാതളം കഴിക്കുന്നതിനൊപ്പം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും ചർമത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും. ക്ഷീണം അകറ്റാനും സഹായിക്കും.

ഉദരാരോഗ്യം മെച്ചപ്പെടുത്തും
മാതളക്കുരുവിൽ നാരുകൾ അഥവാ ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട്. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഉദരാരോഗ്യം മെച്ചപ്പെടുത്താൻ മാതളം സഹായിക്കും, ദഹനം സുഗമമാകും.
ക്ഷീണമകറ്റും
വ്യായാമശേഷം വേഗത്തിൽ പൂർവസ്ഥിതിയിലെത്താനും പേശിവേദന കുറയ്ക്കാനും മാതളം പതിവായി കഴിക്കുന്നത് സഹായിക്കും. വർക്കൗട്ട് ചെയ്യുന്ന ആളുകൾ 21 ദിവസം തുടർച്ചയായി മാതളം കഴിച്ചാൽ വർക്കൗട്ടിനുശേഷമുള്ള വേദന കുറയുന്നത് കാണാം. ഇതോടൊപ്പം നന്നായി ഉറങ്ങാനും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.
ദന്താരോഗ്യം മെച്ചപ്പെടുത്തും
മോണയിൽ നിന്നുള്ള രക്തപ്രവാഹവും പല്ലിലെ പ്ലേക്കുകളും കുറയ്ക്കാൻ മാതളത്തിലടങ്ങിയ സംയുക്തങ്ങൾക്ക് കഴിയും. സ്ഥിരമായി മാതളം കഴിച്ചാൽ വായയുടെ ആരോഗ്യം മെച്ചപ്പെടും. തൈരിനോ ചീസിനോ ഒപ്പം മാതളം കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാനും സഹായിക്കും.
ഓർമശക്തി മെച്ചപ്പെടുത്തും
മാതളം പതിവായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കും, ഊർജനിലയും ഉറക്കവും മെച്ചപ്പെടുത്തും. തലച്ചോറിന്റെ കലകളിലെ ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുക വഴി തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
മാതളത്തിലെ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളുടെ സാന്നിധ്യം വിശപ്പ് കുറയ്ക്കും, അതുവഴി അനാവശ്യ ഭക്ഷണാസക്തി തടയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മാതളത്തിൽ മധുരമുള്ള രുചി ഉണ്ടെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തും.







