ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്. അന്നദാനത്തിനായി സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന തുക ഭക്തർക്ക് ട്രസ്റ്റിലേക്ക് സംഭാവനയായി നൽകാം.
ഈ സംഭാവനകൾ ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ അയയ്ക്കാവുന്നതാണ്. ‘ശബരിമല ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസർ, ശബരിമല ദേവസ്വം, പത്തനംതിട്ട എന്ന വിലാസത്തിലോ അല്ലെങ്കിൽ ദേവസ്വം അക്കൗണ്ട്‌സ് ഓഫീസർ, ദേവസ്വം ബോർഡ് ബിൽഡിങ്‌സ്, നന്ദൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിലോ തുക സമർപ്പിക്കാവുന്നതാണ്. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഉള്ള കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന സ്വീകരിക്കും.






