ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെല്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം, വണ്‍ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ആയിരത്തില്‍പരം ഇലക്ടറല്‍ ലിറ്ററസി ക്ലബ്-നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ പങ്കാളികളായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന യുവജന പങ്കാളിത്തമുള്ള എസ്.ഐ.ആര്‍ പ്രചാരണ പരിപാടിയാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. അസി. കലക്ടറും ജില്ലാ സ്വീപ് സെല്‍ കോഓഡിനേറ്ററുമായ ഡോ. മോഹനപ്രിയ, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, എന്‍.എസ്.എസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഓഡിനേറ്റര്‍ രാജഗോപാല്‍, ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വണ്‍ ഇന്ത്യ കൈറ്റ് ടീം പ്രതിനിധി അബ്ദുല്ല മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ.എല്‍.സി, എന്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ 4000 വളണ്ടിയര്‍മാര്‍ നാല് ലക്ഷം വോട്ടര്‍മാരിലേക്ക് നേരിട്ടിറങ്ങിയ ‘എ ഡേ വിത്ത് ബി.എല്‍.ഒ’, ഗൃഹസന്ദര്‍ശനങ്ങള്‍, സന്ദേശരേഖ വിതരണം, സംശയ ദുരീകരണം, ഫോം പൂരിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങള്‍, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, പട്ടികവര്‍ഗ ഉന്നതികള്‍, തീരദേശങ്ങള്‍ തുടങ്ങിയ മേഖലകളിലെ സവിശേഷ എന്റോള്‍മെന്റ് പരിപാടികള്‍, ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ എസ്.ഐ.ആര്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന് മുന്നോടിയായി വ്യാഴാഴ്ച സരോവരം ബയോപാര്‍ക്കില്‍ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് നിര്‍മാണ ശില്‍പശാല ഒരുക്കിയിരുന്നു.







