സി.പി.എമ്മില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി പൊതു പ്രവര്‍ത്തന രംഗത്ത് എത്തിയ കാനത്തില്‍ ജമീല എം.എല്‍.എ എന്നും ജനങ്ങളോടൊപ്പം നിന്ന വനിതാ നേതാവാണ്.വ്യക്തി ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ അവര്‍ എല്ലാ വിഭാഗം ആളുകളോടും സൗഹൃദവും സ്‌നേഹവും പുലര്‍ത്തി. മറ്റ് രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടും ഊഷ്മളമായ സൗഹൃദമായിരുന്നു അവര്‍ക്ക്. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും കാനത്തില്‍ ജമീല വിജയിച്ചു. 1995-ല്‍ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായാണ് ആദ്യമായി അധികാര സ്ഥാനത്ത് എത്തിയത്. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി. 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010-ലും 2020-ലും കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് വിജയിച്ചു. രണ്ടുതവണയും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി.കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
അത്തോളി ചോയിക്കുളം സ്വദേശിയാണ് കാനത്തില്‍ ജമീല.ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമാണ്. 2021 ല്‍ കൊയിലാണ്ടിയില്‍ നിന്ന് 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ എന്‍.സുബ്രഹ്മണ്യനെയാണ് അവര്‍ തോല്‍പ്പിച്ചത്.
മികച്ച സംഘാടകയായ കാനത്തില്‍ ജമീല എം.എല്‍.എ നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കൊയിലാണ്ടി മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ദതിയില്‍ ഉള്‍പ്പെടുത്തി 27 റോഡുകള്‍ക്ക് ഭരണാനുമതി നേടിയെടുക്കാനായത് വലിയ നേട്ടമായിരുന്നു. ബാലുശ്ശേരി -കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഒളളൂര്‍ക്കടവ് പാലവും തോരായിക്കടവ് പാലവും യാതാര്‍ത്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊയിലാണ്ടി ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാക്കാനും ഇടപ്പെട്ടു. കാപ്പാട്മുതല്‍ ഹാര്‍ബര്‍ വരെ കടല്‍ ഭിത്തി ബലപ്പെടുത്തുന്നതിന് ആറ് കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം നേടിയെടുത്തു. കൊയിലാണ്ടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യത്തിലും പ്രവര്‍ത്തിച്ചു.കോതമംഗലം ജി.എല്‍.പി സ്‌കൂള്‍,കൊയിലാണ്ടി,പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ വികസനത്തിലും മുന്തിയ പരിഗണന നല്‍കി. ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഭാഗത്ത് മൂരാട് പുഴയില്‍ സ്ഥിതി ചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന് 1.40 കോടി രൂപയുടെ ഭരണാനുമതി നേടിയെടുത്തു. അഴിമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കോട്ടത്തുരുത്തില്‍ എഴുപതിലധികം വീടുകള്‍ ഉണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തില്‍ വന്‍തോതില്‍ വെളള കയറി തുരുത്ത് പുഴയെടുക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് തുരുത്ത് സംരക്ഷണ നടപടി സ്വീകരിച്ചത്. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസന കാര്യത്തിലും പ്രാധാന്യം നല്‍കി. നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ കേന്ദ്രം ആരംഭിക്കാനുളള നടപടിയും എടുത്തു.
2006-ല്‍ പി. വിശ്വനും. 2011-ലും 10-ലും കെ. ദാസനും കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് 2021-ല്‍ കാനത്തില്‍ ജമിലയും കൊയിലാണ്ടിയില്‍ വിജയക്കൊടി പാറിച്ചത്.അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിലും കാനത്തില്‍ ജമീലയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. അതിനിടയിലാണ് ആകസ്മികമായ വിയോഗമുണ്ടായത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂ.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും കാനത്തില്‍ ജമീല വ്യക്തമായ മേധാവിത്വം നേടിയത് അമ്പരപ്പിക്കുന്നതായിരുന്നു.
എം.എല്‍.എയെന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളോട് അനുകൂലമായ നിലപാടാണ് എന്നും അവര്‍ സ്വീകരിച്ചത്. അനാരോഗ്യം വകവെക്കാതെ മരണ വീടുകളിലും വിവാഹ വീടുകളിലും അവര്‍ ഓടിയെത്തുമായിരുന്നു. എത്ര തിരക്കായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിച്ചാല്‍ അവര്‍ക്ക് ചെവി കൊടുക്കും.
Latest from Main News
14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച കാസർഗോഡ് ജില്ല
കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്







