കൊയിലാണ്ടി പാലക്കുളം ദേശീയപാതയിൽ ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ഇന്ന് പുലർച്ചെ രണ്ടരയോടെ കൊയിലാണ്ടി പാലക്കുളം ദേശീയപാതയിൽ രണ്ടു ചരക്ക് ലോറികളും ഒരു മീൻവണ്ടിയും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിലാണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടത്.

അപകടത്തെ തുടർന്ന് ഒരു ചരക്ക് ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറുടെ കാൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ വാതിൽ മുറിച്ചുമാറ്റിയാണ് സേന ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ രണ്ടു ലോറികളുടെയും ഡീസൽ ടാങ്കുകൾ പൊട്ടി ഇന്ധനം റോഡിലാകെ പരന്നിരുന്നു. ക്രെയിൻ സഹായത്തോടെ വാഹനങ്ങളെ വശങ്ങളിലേക്ക് മാറ്റുകയും റോഡിലുണ്ടായിരുന്ന ഡീസൽ വെള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേന കഴുകിക്കളയുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി. കെ.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി., നിധിപ്രസാദ് ഇ.എം., ലിനീഷ് എം., അനൂപ് എൻ.പി., രജീഷ് വി.പി., ഷാജു കെ. എന്നിവരും ഹോം ഗാർഡുകളായ ബാലൻ ടി.പി., രാജേഷ് കെ.പി., പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.