എസ്.ഐ.ആര്‍: സ്പെഷ്യല്‍ ഡ്രൈവുമായി ജില്ലാ ഭരണകൂടം, വില്ലേജ് ഓഫീസുകളിലും ഫോം തിരികെ നല്‍കാം

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ സ്വീകരിക്കുന്നതിനായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇന്ന് (നവംബര്‍ 29) മുതല്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍ ഇന്ന് മുതല്‍ അവ എത്തിച്ചു നല്‍കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനും എല്ലാ വില്ലേജ് ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക്കും സജ്ജീകരിച്ചിട്ടുണ്ട്. ബിഎല്‍ഒ, ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമാവും. പൂരിപ്പിച്ച ഫോം തിരികെ നല്‍കാന്‍ ഡിസംബര്‍ നാലു വരെ സമയമുണ്ടെങ്കിലും നടപടികള്‍ പരമാവധി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇതുവഴി അവസാനഘട്ടത്തിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പ്രശ്നങ്ങള്‍ പരിഹരിച്ച് ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഇതുവഴി ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അഞ്ചു മാസം മുമ്പേ ആരംഭിച്ചതാണെന്നും അത് അന്തിമഘട്ടത്തിലാണെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തും. ഇതിനനുസൃതമായി ജില്ലയില്‍ ആവശ്യമായ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഈ പ്രക്രിയ നവംബര്‍ 30നു മുമ്പ് പൂര്‍ത്തീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പോളിംഗ് ബൂത്ത് പുനക്രമീകരണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച മുമ്പ് ഇആര്‍ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ആവശ്യമായ സമയം നല്‍കാതെ ഒറ്റ ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.a

Leave a Reply

Your email address will not be published.