ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പീഡിയാട്രിക്-നിയോനാറ്റോളജി വിഭാഗം നിയോപ്രൈമീസ് ’25 എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. വടകരയിലെ ഏക ലെവൽ 3 NICU സൗകര്യമാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ ലെവൽ 3 NICU, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും, മറ്റ് സങ്കീർണ്ണതകളുള്ള നവജാത ശിശുക്കൾക്കും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിചരണം നൽകാൻ സഹായിക്കുന്നു.
NICUവിൽ ചികിത്സ കഴിഞ്ഞുപോയ കുട്ടികളും കുടുംബാംഗങ്ങളും ഒത്തുച്ചേർന്ന ഈ പരിപാടിയിൽ പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥി ആയി. പീഡിയാട്രിക്- നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. നൗഷീദ് അനി, ഡോ. ദിൽഷാദ് ബാബു, ഡോ. മുഹമ്മദ് ബാസിൽ, ഡോ. അൻസാർ സി എം, ഡോ. സജ്ന ദിൽഷാദ്, ഡോ. ഗീത ദേവരാജ്, ഡോ. കൽപ്പന ജി, ഡോ. ദീപ്തീരാജ്, ഡോ. അക്ഷയ സി, എൻഐസിയു ഇൻചാർജ്ജ് ശരണ്യ, കോർഡിനേറ്റർ റംഷിദ എന്നിവർ നിയോനാറ്റൽ കെയറിന് ശേഷമുള്ള കുട്ടികളുടെ വളർച്ച, പരിചരണം, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് മറ്റുള്ളവർക്ക് പ്രചോദനമായി.







