കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് എംവിഡിയുടെ തീരുമാനം.
ഏതെങ്കിലും വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് വിവിധയിടങ്ങളിലായി നടന്ന റോഡപകടത്തിൽ മരിച്ചതെന്നാണ് ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നത്. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് വലിയൊരു വിഭാഗം വാഹന ഡ്രൈവർമാർ യാതൊരു വിധ പരിഗണനയും കാണിക്കുന്നില്ല. പല ഡ്രൈവർമാരും സീബ്ര ക്രോസിംഗിന് മുകളിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് അതിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നു. കാൽനടപ്പാതകൾ പോലും വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് വളരെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ വർഷം ഇതുവരെ 800-ലധികം കാൽനടയാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 50% പേരും മുതിർന്ന പൗരന്മാരാണ്.
സീബ്ര ക്രോസിംഗിന് അടുത്ത് വേഗത കുറയ്ക്കാതെ അതിവേഗം ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു കാൽനടയാത്രക്കാരൻ കാത്തുനിൽക്കുമ്പോൾ, ഡ്രൈവർ ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിർത്തി കൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.
കാൽനടയാത്രക്കാരെ പരിഗണിക്കുന്നതും അവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നതും ഡ്രൈവിംഗ് ലൈസൻസ് നിലനിർത്താൻ അത്യാവശ്യമാണ്.
കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ MVD ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ഇവർക്ക് 2000/- രൂപ പിഴയും ചുമത്തും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കാൻ ബഹു. ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.
