തദ്ദേശ തിരഞ്ഞെടുപ്പിൽ അന്ധതയോ ശാരീരിക അവശതയോ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാൻ സഹായിയെ കൂടെ കൂട്ടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അന്ധതയോ ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതപ്രകാരം 18 വയസ്സില്‍ കുറയാത്ത ഒരാളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. അന്ധതയോ ശാരീരിക അവശതയോ കാരണം സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ്‍ അമർത്താനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേര്‍ന്നുള്ള ബ്രെയിൽ ലിപി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യമായാൽ വോട്ടര്‍ക്ക് അദ്ദേഹത്തിന്റെ സഹായിയെ വോട്ട് രേഖപ്പെടുത്താൻ കൂടെ കൂട്ടാം. സഹായിയെ അനുവദിക്കുമ്പോൾ സമ്മതിദായകന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതുകൈയിലെ ചൂണ്ടുവിരലിലും അടയാളമിടും. എന്നാല്‍, ഈ ആവശ്യത്തിന് ഒരു സ്ഥാനാര്‍ഥിയെയോ പോളിംഗ് ഏജന്റിനെയോ അനുവദിക്കില്ല. സമ്മതിദായകന് വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാമെന്നും അന്നേദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി ‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും നിർദിഷ്ട ഫോറത്തിൽ സാക്ഷ്യപ്പെടുത്തണം. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ അന്ധതയോ അവശതയുള്ളതോ ആയ സമ്മതിദായകനൊപ്പം സഹായിയായി വോട്ട് ചെയ്യുന്നിടത്തേക്ക് പോകാന്‍ പാടില്ല. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കണമെന്നും കമീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published.