ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി; പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി

ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും റിസപ്‌ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സിംഗിൽ ബെഞ്ച് ഉത്തരവ് ശരി വെച്ച് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെയാണ് ഉത്തരവ്.

എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണം. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. തുടർ ചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം കാണിക്കണം. ഡിസ്‌ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.

ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്‌ടർമാരുടെ വിവരങ്ങൾ എന്നിവ റിപ്പോർട്ടുകളിൽ ഉൾപ്പെടണം. രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള സംവിധാനങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്ക്ക് ഉണ്ടായിരിക്കണം.
പരാതി സ്വീകരിച്ചാൽ രസീതോ, എസ്.എം.എസോ നൽകണം. ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതികൾ തീർപ്പാക്കാൻ ശ്രമിക്കണം. പരിഹരിക്കപ്പെടാത്ത പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണമെന്നും കോടതി നിർദേശത്തിലുണ്ട്.

Leave a Reply

Your email address will not be published.