കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ട് ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിക്കേറ്റവരുടെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും, മെഡിക്കൽ കോളേജിൽ എത്തും മുമ്പ് ഓമനയുടെ മരണം സംഭവിച്ചു.
ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







