തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സഹായ രജീവന്റെ ഉടമസ്ഥതയിലുള്ള ‘അമല ഉർപവം മാത’ ബോട്ടാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഉയർന്ന തീവ്രതയുള്ള എൽഇഡി ബൾബുകൾ ബോട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. നിലവിൽ കടലിൽ മത്സ്യബന്ധനത്തിന് 12 വോൾട്ട് ശേഷിയുള്ള ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ ശേഷിയുള്ളവ ഉപയോഗിക്കുന്നത് കേന്ദ്ര-സംസ്ഥാന നിയമപ്രകാരം നിയമലംഘനമാണ്. ബേപ്പൂർ മറൈൻ എൻഫോഴ്‌സ്മെന്റ് സബ് ഇൻസ്പെക്ടർ ടികെ രാജേഷ്, കെ രാജൻ, മനു തോമസ്, റെസ്ക്യൂ ഗാർഡ് വിസ്നേശ്, താജുദ്ദീൻ, വിശ്വജിത്ത്, ബിലാൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
