ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട തട്ടിപ്പിന് തുടക്കമിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ ആണെന്ന് അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) റിമാൻഡ് റിപ്പോർട്ട്. ഇന്നലെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പത്മകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.
ശബരിമലയിലെ സ്വര്‍ണക്കട്ടിളപ്പാളിയും ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണക്കവചവും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് നിർദേശിച്ചതായി ദേവസ്വം ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഈ നിർദേശത്തെ സാധൂകരിക്കുന്ന മൊഴികൾ എസ്.ഐ.ടിക്ക് ലഭിച്ചതായും റിപ്പോർട്ടിലുണ്ട്. 2019ൽ ചേർന്ന ദേവസ്വം യോഗത്തിൽ പത്‌മകുമാർ സ്വന്തം കൈപ്പടയിൽ ചെമ്പുപാളികൾ എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ നൽകും.







