കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (TAVR) വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
69 വയസുള്ള പാർക്കിൻസൺ രോഗബാധിതനായ കാസർഗോഡ് സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. അയോട്ടിക് വാൽവിന് ഗുരുതരമായി ചുരുക്കം സംഭവിച്ചതിനെ തുടർന്നാണ് ഹൃദയം തുറക്കാതെയുള്ള അയോട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (TAVR) നടത്തിയത്. കാലിലെ രക്തകുഴലിലൂടെ 35 mm Myval എന്ന വാൽവ് ഉപയോഗിച്ചാണ് അയോട്ടിക് വാൽവ് മാറ്റിവെച്ചത്. പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എന്നിവരുടെ മാർഗനിർദേശ പ്രകാരം കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി, കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. രാജേഷ് എസ്, ഡോ. കാദർ മുനീർ, ഡോ. കൃഷ്ണകുമാർ ഡോ. ഡോളി മാത്യു, ഡോ. സജീർ കെടി, ഡോ. സൂര്യകാന്ത്, ഡോ. രാധ കെ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.







