ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണ പോറ്റിയുമായി പത്മകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എസ്ഐടി ചോദ‍്യങ്ങൾ ഉയർത്തിയേക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.







