ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ‘വി സുരക്ഷ’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നത്.
പത്തനംതിട്ട ജില്ലാ പൊലീസ് ഓഫിസില്‍ വി.കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ ‘വി സുരക്ഷാ’ പദ്ധതിയുടെ മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്‌തു. തീര്‍ഥാടകരെ വളരെയധികം സഹായിക്കുകയും ശബരിമല യാത്രയ്ക്കിടെ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് ‘വി സുരക്ഷ’യെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ പറഞ്ഞു.
കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടു കൂടിയ റിസ്റ്റ് ബാന്‍ഡുകളാണ് നൽകുന്നത്. കുട്ടികളുടെ കൈയിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ രക്ഷിതാവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പൊലീസിന് സാധിക്കും.
www.visuraksha.online എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര്‍ അല്ലെങ്കില്‍ വി മിനി സ്റ്റോറില്‍ നേരിട്ടെത്തിയോ കുട്ടികള്‍ക്കുള്ള ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡ്’നായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. തീര്‍ഥാടനത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി ലഭിക്കും. ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തന്നെ വി സുരക്ഷ റിസ്റ്റ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്‌ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ നിന്നും ബാന്‍ഡ് കൈപ്പറ്റണം. പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി കാണിച്ചാല്‍ കോണ്‍ടാക്‌ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്‌തിരിക്കുന്ന ക്യൂആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.







