മുൻ തിരുവിതാംകൂർ ദേവസ്വം ബോഡ് ചെയർമാനും സി.പി.എമ്മിൻ്റെ അതീവ വിശ്വസ്തനുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറപ്പെട്ടിരിക്കുകയാണ്. വാസു നിസ്സാരനല്ല. മുൻ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. നിയന്ത്രണത്തിലുള്ള പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ട വാസു, ശബരിമല സ്ത്രീ പ്രവേശ സമരകാലത്ത്, ദേവസ്വം ബോഡ് ചെയർമാൻ എന്ന നിലയിൽ നടത്തിയ നീക്കം പൊതുസമൂഹത്തിന് വ്യക്തമായറിയാം.
ബഹു: കേരള ഹൈക്കോടതിയുടെ പൂർണ്ണ നിരീക്ഷണത്തിൽ നടന്ന എസ്. ഐ.ടി. അന്വേഷണം മാത്രമാണ് ശബരിമല സ്വർണ കൊള്ള സംബന്ധമായ അന്വേഷണം ഇത്രത്തോളം എത്തിച്ചത്. മുഖ്യമന്ത്രിയും സി.പി.എമ്മും വാസുവിൻ്റെ അറസ്റ്റോടെ പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുന്നു.
ഒരു സമൂഹത്തെ മുഴുവൻ ഇരുട്ടിലാക്കി, സി.പി.എം. നിയന്ത്രണത്തിലുള്ള ബോർഡ് നടത്തിയ സ്വർണ്ണക്കവർച്ച തീർത്തും ലജ്ജാകരമാണ്, അപലപനീയമാണ്.
കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നുവെങ്കിൽ ഈ തീവെട്ടിക്കൊള്ളയുടെ അന്വേഷണം എവിടെയും എത്തുമായിരുന്നില്ല. കുറ്റവാളികൾ പൂർണ്ണമായും രക്ഷപ്പെടുമായിരുന്നു. വിശ്വാസ്യതയ്ക്ക് പേരു കേട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്ന പ്രമാദമായ കേസ്സുകളിൽ നടത്തിയ അന്വേഷണങ്ങളുടെ ബാക്കിപത്രം എന്താണെന്ന് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം. സി.പി.എം ബി.ജെ.പി. അന്തർധാരയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.
സമയോചിതമായി ശബരിമല സ്വർണ്ണ കൊള്ളയുടെ കാണാപ്പുറങ്ങൾ കണ്ടെത്താൻ ബഹു: ഹൈക്കോടതി നടത്തിയ നീതിപൂർവ്വവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിൽ സന്തോഷിക്കാത്തവർ ആരുമില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും വിശ്വാസമുള്ളവർക്കെല്ലാം ചാരിതാർത്ഥ്യം തോന്നിയ ഇടപെടലാണ് ബഹു: ഹൈക്കോടതി നടത്തിയിട്ടുള്ളത്. സമൂഹത്തിന് മുഴുവൻ വെളിച്ചം പകരുന്ന, ജുഡീഷ്യറിയുടെ അന്തസ്സ് പൊലിയാതെ കാത്തു സംരക്ഷിക്കുന്ന ന്യായാധിപന്മാരുടെ മുമ്പിൽ ശിരസ്സ് നമിക്കുന്നു.







