സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ മൗലാനാ അബുൽ കലാം ആസാദ് ഫൌണ്ടേഷൻ കേരള സംഘടിപ്പിച്ച അനുസ്മരണ യോഗം ഫൌണ്ടേഷൻ സംസ്ഥാന പ്രസിഡണ്ട് എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. മൗലാനാ ആസാദ് ഇന്ത്യൻ മതേതരത്വത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സാർവത്രിക സൗജന്യ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കിയതും, യു ജി സി, ഐ ഐ ടി, എൻ സി ഇ ആർ ടി, എ ഐ ഐ എം എസ്, ഐ സി സി ആർ, കേന്ദ്ര സാഹിത്യ അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി, കേന്ദ്ര ലളിത കലാ അക്കാദമി എന്നിവ ആരംഭിച്ചതും മൗലാനാ ആസാദ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രം ഭാരത രത്നം നൽകി ആദരിച്ചതും, അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതും രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമാണ് എന്ന് എം കെ ബീരാൻ പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന വൈസ് ചെയർമാൻ നിസാർ പുനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ ഒളവണ്ണ, ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാർ, ജബ്ബാർ കൊമ്മേരി, ശ്രീവത്സൻ പടാറ്റ, ടി വി സുരേന്ദ്രൻ, ടി ടി മുഹമ്മദ് സലീം, കെ വി ശിവാനന്ദൻ, പി കെ ഷാഫി, എ കെ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.







