ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു. ഇന്ന് പുലർച്ചെ മുതൽ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് പവർ ഹൗസിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയത്.
അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതരുടെ അഭിപ്രായം. ഇന്നലെ മുതൽ ഡിസംബർ 10 വരെ പവർ ഹൗസിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വെയ്ക്കാനായിരുന്നു തീരുമാനമെങ്കിലും കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയ്ക്ക് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്. ജല വിതരണം ഉറപ്പാക്കുന്നതിനായി മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.







