കൊയിലാണ്ടി നടേരി-കാവുംവട്ടം ബ്രാഞ്ച് കനാല്‍ മണ്ണിടിഞ്ഞും കാട് വളര്‍ന്നും നാശത്തിലേക്ക്. നടേരി ആഴാവില്‍ ക്ഷേത്രത്തിന് പിന്നിലൂടെയാണ് നിർദ്ദിഷ്ട കനാല്‍ പോകുന്നത്. ക്ഷേത്രത്തിന് പിന്‍വശത്തെ കുന്ന് 20 മീറ്ററോളം താഴ്ചയില്‍ ഇടിച്ചാണ് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കനാല്‍ നിര്‍മ്മിച്ചത്. മണ്ണിടിച്ചുണ്ടാക്കിയ കനാലിന്റെ ഇരു വശവും ഇപ്പോള്‍ ഇടിഞ്ഞു താഴുകയാണ്. ഒരു മാസം മുമ്പ് പെയ്ത ശക്തമായ മഴയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞു കിടപ്പാണ്. ഇത് നീക്കം ചെയ്യണമെങ്കില്‍ വലിയ അധ്വാനം വേണ്ടി വരും. മണ്ണും ഉരുളന്‍ പാറക്കല്ലും നീക്കം ചെയ്തില്ലെങ്കില്‍ ഇത്തവണ കാവുംവട്ടം ഭാഗത്തേക്കുള്ള ജല വിതരണം മുടങ്ങും. കാട് വളര്‍ന്ന് കിടക്കുന്നതിനാല്‍ കനാലിനുള്ളിലേക്ക് ഇറങ്ങി പോയി ഇടിഞ്ഞു വീണ മണ്ണ് നീക്കാൻ പ്രയാസമാണ്. ഇഴജന്തുക്കളും, മുള്ളന്‍ പന്നി, കാട്ടു പന്നി എന്നിവയെല്ലാം ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം തൊട്ടാല്‍ ചൊറിഞ്ഞു വീര്‍ക്കുന്ന പടുകൂറ്റന്‍ ചേര് മരം കനാലിനുളളിലേക്ക് വീണിരുന്നു. ഈ മരം എല്ലാവര്‍ക്കും മുറിച്ച് മാറ്റാന്‍ കഴിയാത്തതിനാല്‍ ,അലര്‍ജി വരാത്തവരെ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്. മരത്തിനോടൊപ്പം കൂറ്റന്‍ പാറയും കനാലിനുളളിലേക്ക് വീണിരുന്നു. പാറ പൊട്ടിച്ചു മാറ്റിയാണ് കഴിഞ്ഞ വര്‍ഷം ജല വിതരണം സാധ്യമാക്കിയത്. ഈ കനാല്‍ ഇരുവശവും കെട്ടി ഉയര്‍ത്തി സ്ലാബിട്ട് മുടുകയാണ് വേണ്ടത്. ഇക്കാര്യം നിരവധി പ്രാവശ്യം കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി പ്രദേശവാസി ബാലന്‍ കിടാവ് പറഞ്ഞു.

കനാല്‍ ജലവിതരണം മുടങ്ങിയാല്‍ നടേരി, കാവുംവട്ടം, മരുതൂര്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകും. വേനല്‍ കനത്താല്‍ പ്രദേശത്തെ കിണറുകളെല്ലാം വറ്റും. ആ സമയത്ത് നൂറ് കണക്കിന് കുടുംബങ്ങള്‍ ദാഹജലത്തിന് ആശ്രയിക്കുന്നത് കനാല്‍ വെള്ളത്തെയാണ്. കനാല്‍ ജലം ഒഴുകിയെത്തിയാല്‍ കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞു കവിയും. നടേരി പ്രദേശം കാര്‍ഷിക മേഖല കൂടിയാണ്. വേനല്‍ക്കാല പച്ചക്കറി കൃഷിയും, പുഞ്ച നെല്‍കൃഷിയും, വാഴ കൃഷിയുമെല്ലാം കനാല്‍ ജല വിതരണത്തെയാണ് ആശ്രയിച്ചാണ് നടത്തുന്നത്. പല സ്ഥലത്തും കനാലുകള്‍ നാശത്തിന്റെ വക്കിലാണ്. റോഡുകളും ഇടവഴികളും കോണ്‍ക്രീറ്റും ടാറിംങ്ങും നടത്തുമ്പോള്‍ വെള്ളം തിരിച്ചു വിടുന്നത് കനാലുകളിലേക്കാണ്. കുത്തി ഒഴുകി വരുന്ന വെളളത്തിനോടൊപ്പം മണ്ണും കല്ലും മറ്റ് മാലിന്യങ്ങളും ഉണ്ടാവും. ഇവ എത്തുന്നതോടെ കനാലുകള്‍ നികന്ന് നശിച്ചു പോകും.






