കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. വൈകിട്ട് 5 50 ന് ബെംഗളൂരുവിൽ എത്തിച്ചേരും. എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയിൽവേ പുറത്തുവിട്ടു. ട്രെയിൻ നമ്പർ 26651/26652 ആയ വന്ദേഭാരത് ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും. ബുധനാഴ്ചയാണ് സർവീസ് ഇല്ല. നവംബർ 11 മുതൽ എറണാകുളം ജംഗ്ഷനിൽ നിന്ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് ആരംഭിക്കും. 11ന് പുലർച്ചെ 5 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ചുള്ള യാത്ര എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20ന് ആരംഭിച്ച് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും.
എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നീ 11 സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ട്. ബെംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസിന്റെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി.

മലയാളികൾ ഏറെ കാത്തിരുന്ന ഈ സർവീസ് നവംബർ 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ റിസർവേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ വൈകിട്ട് 5.50ന് കെഎസ്ആർ ബെംഗളൂരുവിലെത്തും. കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ മലയാളി സംഘടനകൾ വന്ദേഭാരതിനു സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ബസുകളിൽ ഉത്സവകാലത്ത് മൂന്നിരട്ടിവരെ അധിക നിരക്ക് നൽകേണ്ടി വരുന്ന യാത്രക്കാർക്ക് വന്ദേഭാരത് ഏറെ ആശ്വാസകരമാകും. ചെയർകാർ (CC) നിരക്ക് ₹1095, എക്സിക്യൂട്ടീവ് ചെയർകാർ (EC) നിരക്ക് ₹2289. ഇതിൽ ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഇതേ റൂട്ടിൽ ഓടിയ സ്പെഷൽ വന്ദേഭാരത്തിൽ ചെയർകാറിന് ₹1465യും എക്സിക്യൂട്ടീവ് ചെയർകാറിന് ₹2945യുമായിരുന്നു. 638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കും.







