കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ. അഞ്ച് വർഷങ്ങൾക്ക് ശേഷം യുഎഇയിലെ പഠിതാക്കളും പരീക്ഷ എഴുതുന്നു. കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷയാണ് നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്നത്. കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്‌മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാ കേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തു പരീക്ഷയും തുടർ മൂല്യനിർണയവും ഉണ്ടായിരിക്കും. 2025 ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.
കേരളസർക്കാരിൻ്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാന സാക്ഷര താമിഷന്റെ നേതൃത്വത്തിൽ 2005 ലാണ് തുല്യതാ പഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്. ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താം തരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ്എസ്എൽസിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.







